ഷാരോണ്‍ വധക്കേസ്: വിധികേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ; പൊട്ടിക്കര‍ഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ

ഷാരോണ്‍ വധക്കേസിൽ വധശിക്ഷാ വിധികേട്ട് ഒരു പ്രതികരണവുമില്ലാതെ ഗ്രീഷ്മ. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വിധികേട്ട് ഷാരോണിൻ്റെ മാതാപിതാക്കൾ പൊട്ടിക്കര‍യുകയായിരുന്നു.

എന്നാൽ ഗ്രീഷ്മയ്ക്ക് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. വധശിക്ഷക്ക് പുറമെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം തടവും കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വർഷം തടവും കൂടി കോടതി വിധിച്ചിട്ടുണ്ട്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

Read more