ഷാരോണിന്റേതുമായി ഏറെ സമാനതകള്‍; അശ്വിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കള്‍

പെണ്‍സുഹൃത്ത് നല്‍കിയ ജൂസ് കുടിച്ചതിന് പിന്നാലെ മരിച്ച പാറശാലയിലെ ഷാരോണിന്റെ മരണവുമായി ഏറെ സമാനതകളെന്ന്് കളിയിക്കാവിളയില്‍ അജ്ഞാതന്‍ നല്‍കിയ ജൂസ് കുടിച്ച് മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍. രണ്ടു സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെങ്കിലും ഷാരോണിന്റെയും മകന്റെയും മരണം ഒരുപോലെയായിരുന്നുവെന്ന് ആറാംക്ലാസുകാരന്‍ അശ്വിന്റെ മാതാപിതാക്കള്‍ സുനിലും സോഫിയയും പറയുന്നു.

പാറശാലയിലെ കേസ് ഞെട്ടിപ്പിക്കുന്നത് ആണ്. മകന്റെ കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സിബിസിഐഡിയില്‍ ഷാരോണിന്റെ മരണവും അറിയിക്കും. ലഭ്യമാകുന്ന വിവരങ്ങളും കൈമാറും. രണ്ടു കേസിലെയും ദുരൂഹത നീക്കണമെന്നും അശ്വിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഷാരോണ്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് അശ്വിന്‍ മരിക്കുന്നത്.

അതേസമയം, പാറശാലയില്‍ കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് മരിച്ച റേഡിയോളജി വിദ്യാര്‍ത്ഥി ഷാരോണ്‍ അന്ധവിശ്വാസത്തിന്റെ ഇരയെന്ന് സൂചന. ജ്യുസ് നല്‍കിയെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയെ ഷാരോണ്‍ നേരത്തെ വിവാഹം കഴിച്ചതായി ഇയാളുടെ വീട്ടുകാര്‍ പറയുന്നു. ഈ മാസം പതിനാലിനാണ് ഷാരോണ്‍ ഒരു സുഹൃത്തുമൊത്ത് പെണ്‍കുട്ടിയെ കാണാന്‍ അവരുടെ വീട്ടിലെത്തിയത്.

സുഹൃത്തിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ അകത്തേക്ക് കയറി പോയി . പിന്നീട് അവശനായാണ് പുറത്ത് വന്നതെന്നു ഷാരോണിന്റെ സുഹൃത്ത് പറയുന്നു. പെണ്‍കുട്ടിയെ ഷാരോണ്‍ വിവാഹം കഴിച്ചിരുന്നതായും ഇയാളുടെ വീട്ടുകാര്‍ പറയുന്നു. വിവാഹം കഴിക്കാന്‍ നവംബര്‍വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നും തനിക്കതില്‍ വിശ്വാസമില്ലന്നുമായിരുന്നു ഷാരോണിന്റെ നിലപാട്.