കേരളത്തിന്റെ മുന്നേറ്റം കടലാസില്‍ മാത്രം ഒതുങ്ങുന്നതാകരുത്; നിലപാട് തിരുത്തി ശശി തരൂര്‍

കേരളത്തിലെ സംരംഭങ്ങളെ കുറിച്ച് നിലപാട് തിരുത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സൂക്ഷ്മ-ചെറുകിട വ്യവസായരംഗത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ കേരളത്തിന്റെ മുന്നേറ്റം കടലാസില്‍ മാത്രം ഒതുങ്ങുന്നതാകരുതെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല എന്നറിഞ്ഞത് ഞെട്ടിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയായ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നതുമാത്രമാണ് ഏക ആശ്വാസം. നമുക്ക് സൂക്ഷ്മ-ചെറുകിട സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആവശ്യമാണ്. അത് കടലാസില്‍ മാത്രമാകരുത്. ഇക്കാര്യത്തില്‍ കേരളം മുന്നോട്ട് പോകണമെന്നും തരൂര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഒന്‍പത് വര്‍ഷത്തിനിടെ കേരളത്തില്‍ 42,000ല്‍ അധികം സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടിയെന്ന പത്രവാര്‍ത്ത പങ്കുവച്ചായിരുന്നു തരൂരിന്റെ കുറിപ്പ്. കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നേരിട്ടുവിളിച്ചുവരുത്തി തരൂരുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കെപിസിസി നേതാക്കളുമായി ഹൈക്കമാന്‍ജഡ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ എല്ലാവരും ഒരുമിച്ചാണെന്ന അടിക്കുറിപ്പോടെ രാഹുല്‍ ഗാന്ധി കെപിസിസി നേതാക്കളുടെ ചിത്രം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ തരൂര്‍ നിലപാട് തിരുത്തിയതോടെ ഹൈക്കമാന്‍ഡ് ഇടപെടലാണ് ഇതിന് കാരണമായതെന്ന വിലയിരുത്തലുകള്‍ ശക്തമാകുകയാണ്.