പ്രസ്താവന വളച്ചൊടിച്ചുവെന്ന ശശി തരൂരിന്റെ കുറ്റപ്പെടുത്തലിനെ തുടർന്ന് തിരുത്തൽ നൽകി ദേശീയ മാധ്യമം ‘ടൈംസ് ഓഫ് ഇന്ത്യ’. ‘രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകരുത്’ എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ വാർത്ത പ്രസിദ്ധീകരിച്ചത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകരുതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തെറ്റായ റിപ്പോർട്ടിങ് തിരുത്തി മാപ്പുപറയണമെന്നും തരൂർ തന്റെ സാമൂഹ്യ മാധ്യമ അകൗണ്ടിലൂടെ ആവശ്യപ്പെട്ടിരുന്നു.
പത്രം ചെയ്തത് തരംതാണ പ്രവൃത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂർണമായും ഭാവനാത്മകമായൊരു പ്രസ്താവനയുണ്ടാക്കി എന്റെ പേരിൽ ചാർത്തിയ തരംതാണൊരു പരിപാടിയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ചെയ്തിരിക്കുന്നതെന്നാണ് തരൂർ ‘എക്‌സി’ൽ വിമർശിച്ചത്. കഴിഞ്ഞ ദിവസം രാത്രി കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ 45ലേറെ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ഒരാൾപോലും അത്തരമൊരു പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
The @timesofindia hit a new low today by inventing a wholly fictitious statement and attributing it to me within quotation marks. There were over 45 media persons present at @INCKerala headquarters last night & no one else has reported any such statement. Asked about whether…
— Shashi Tharoor (@ShashiTharoor) September 2, 2023
‘രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണമോ എന്ന ചോദ്യത്തോട് ‘ഇൻഡ്യ’യുടെ ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടുകയാണ് ഞാൻ ചെയ്തത്. ഒരു വ്യക്തിയെയും സൂചിപ്പിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങളിലാണ് സഖ്യത്തിന്റെ ശ്രദ്ധയെന്നും വ്യക്തമാക്കി. ‘ടൈംസ് ഓഫ് ഇന്ത്യ’ തെറ്റായി അവകാശപ്പെട്ട പോലെ ‘രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകരുത്’ എന്ന് ഞാൻ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യസന്ധതയില്ലാത്ത ഈ റിപ്പോർട്ടിങ്ങിന് തെറ്റുതിരുത്തി മാപ്പുപറയണമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’യോട് ഞാൻ ആവശ്യപ്പെടുന്നു.
വാർത്താസമ്മേളനം പൂർണമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. അത്തരമൊരു പരാമർശം അതിനകത്തുനിന്ന് കണ്ടെത്താൻ ‘ടൈംസ് ഓഫ് ഇന്ത്യ’യെ വെല്ലുവിളിക്കുന്നു. തരംതാണ വിവാദം ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം പക്ഷപാതപരമായ റിപ്പോർട്ടിങ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും’ ശശി തരൂർ ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ഈ വാർത്ത തിരുത്താൻ തയാറായത്.
The TOI report had wrongly quoted Tharoor as saying, “Rahul Gandhi should not be declared the PM candidate”. We regret the error.
— TOI Editor (@TOIEditor) September 2, 2023
ടൈംസ് ഓഫ് ഇന്ത്യയുടെ തിരുത്തിയ വാർത്തയും തരൂർ തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഒരു തെറ്റ് അംഗീകരിക്കാനും തിരുത്താനുമുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ സന്നദ്ധതയെ അഭിനന്ദിക്കുന്നു, മാപ്പ് സ്വീകരിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
Important thread. Appreciate @toieditor’s willingness to acknowledge an error and correct it. Apology accepted. Let’s move on. https://t.co/nbvgr372hT
— Shashi Tharoor (@ShashiTharoor) September 2, 2023
Read more