ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് സ്വർണക്കടത്തിന് അറസ്റ്റിൽ; നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് തരൂർ

ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ശിവകുമാർ പ്രസാദ് സ്വർണം കൈമാറുന്നത് കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശിവകുമാർ പ്രസാദിനേയും സ്വർണം കൈമാറിയ ആളെയും പിടികൂടുകയായിരുന്നു. കൈമാറിയ സ്വർണത്തിന് മതിയായ രേഖകളില്ലെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുകയും ചെയ്തു.

ശിവകുമാർ പ്രസാദ് എയറോഡ്രോം (എംപിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ) എൻട്രി വഴിയാണ് എയർപോർട്ടിൽ കയറിയത്. ആ പാസ് അടക്കം അന്വേഷണ ഏജൻസി പിടികൂടിയിട്ടുണ്ട്. 500 ഗ്രാം സ്വർണവും പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതിനിടെ കസ്റ്റംസ് പിടിച്ചെടുത്ത ശിവകുമാർ പ്രസാദിന്റെ എയറോഡ്രോം എൻട്രി പാസ് ചിത്രം രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ടിട്ടുണ്ട്.

Image

അതേസമയം വിഷയത്തിൽ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി. തന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ശിവകുമാർ എന്നും ഇപ്പോൾ പാർട്ട് ടൈം ആയി തനിക് എയർപോർട്ട് സേവനം നൽകിയിരുന്ന ആളായിരുന്നുവെന്നും തരൂർ പറഞ്ഞു. അതേസമയം താൻ പ്രചാരണ ആവശ്യങ്ങൾക്കായി ധർമ്മശാലയിലാണെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും തരൂർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തരൂർ ട്വീറ്റ് ചെയ്യുകയായിരുന്നു.

ശിവകുമാർ 72 വയസ്സുള്ള വിരമിച്ചയാളാണെന്നും പതിവായി ഡയാലിസിസിന് വിധേയനായ അദ്ദേഹത്തെ അനുകമ്പയുടെ അടിസ്ഥാനത്തിൽ പാർട് ടൈം അടിസ്ഥാനത്തിലാണ് നിലനിർത്തിയതെന്നും തരൂർ പറഞ്ഞു. ഇയാൾക്ക് മേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും താൻ അംഗീകരിക്കുന്നില്ലെന്നും, സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും നിയമം അതിൻ്റെ വഴിക്ക് പോകണമെന്നും തരൂർ പറഞ്ഞു.

‘പ്രചാരണ ആവശ്യങ്ങൾക്കായി ഞാൻ ധർമ്മശാലയിലാണ്. എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിൻ്റെ കാര്യത്തിൽ എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന എൻ്റെ മുൻ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 72 വയസ്സുള്ള വിരമിച്ചയാളാണ്, പതിവായി ഡയാലിസിസിന് വിധേയനായ അദ്ദേഹത്തെ അനുകമ്പയുടെ അടിസ്ഥാനത്തിൽ പാർട് ടൈം അടിസ്ഥാനത്തിൽ നിലനിർത്തി. ആരോപിക്കപ്പെടുന്ന ഒരു തെറ്റും ഞാൻ അംഗീകരിക്കുന്നില്ല, വിഷയം അന്വേഷിക്കാൻ ആവശ്യമായ എന്തെങ്കിലും നടപടിയെടുക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകണം’.-ശശീ തരൂർ പറഞ്ഞു.