ഖലിസ്ഥാന്‍ വാദികളായ ആളുകളോടുള്ള കാനഡയുടെ സമീപനം പുനഃപരിശോധിക്കണമെന്ന് ശശി തരൂര്‍. കാനഡയിലെ ചില രാഷ്ട്രീയ സാഹചര്യങ്ങളാണ് അവര്‍ ഇന്ത്യക്കെതിരെ തിരിയാന്‍ കാരണം.
കാനഡയില്‍ നടന്ന ആ കൊലപാതകത്തില്‍ ഏതെങ്കിലും ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്നതിന് യാതൊരു തെളിവുമില്ല. ഈ പറയുന്ന തീവ്രവാദ ഗ്രൂപ്പിന് നിരവധി വിഭാഗങ്ങളുണ്ട്. അവര്‍ ഇതര വിഭാഗത്തിലെ ആളുകളെ കൊലപ്പെടുത്തുകയാണെന്ന് അദേഹം പറഞ്ഞു.
കാനഡയുമായുള്ള ബന്ധത്തിന് വലിയ വില കല്‍പ്പിക്കുന്നവരാണ് നമ്മള്‍. അവിടെ താരതമ്യേന വലിയൊരു വിഭാഗം ഇന്ത്യന്‍ സമൂഹമുണ്ട്. ആകെ 4 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് 17 ലക്ഷം ഇന്ത്യക്കാരാണുള്ളത്. നമ്മുടെ ഒട്ടേറെ വിദ്യാര്‍ഥികളും അവിടെ പഠിക്കുന്നുണ്ട്. എതിര്‍പ്പുള്ള കാര്യങ്ങളില്‍ കനേഡിയന്‍ അധികൃതരെ പലപ്പോഴായി അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും, അത് പരിധി വിടാന്‍ നാം ഇതുവരെ അനുവദിച്ചിട്ടില്ല.
കാരണം, നാം എക്കാലവും വിലകല്‍പ്പിച്ചിട്ടുള്ള ഒരു ബന്ധമാണിത്. കാനഡയും അതേ രീതിയിലാണ് ചിന്തിക്കുന്നതെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, അവരുടെ രാജ്യത്തു നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ യാതൊരു തെളിവുമില്ലാതെ ആരോപണം ഉന്നയിച്ചതോടെ, സത്യത്തില്‍ എനിക്കു ഞെട്ടലാണ് തോന്നിയത്.’
പ്രശ്‌നം വളര്‍ന്ന് അടിക്കു തിരിച്ചടി എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. കാനഡ അവരുടെ രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയപ്പോള്‍, ഇന്ത്യ തിരിച്ച് കാനഡയുടെ പ്രതിനിധിയേയും പുറത്താക്കി. കാനഡ ഒരു കാര്യം ചെയ്യുന്നു, ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ഇന്നും ഇന്ത്യ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഇതു തന്നെയായിരിക്കുമെന്നും തീര്‍ച്ചയെന്ന് ശശി തരൂര്‍ പറഞ്ഞു.