രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുണമെന്ന് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ ഒട്ടും സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ട നല്ല സമയമിതാണ്. അദ്ദേഹത്തിന് മാത്രമേ ജനങ്ങളെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ. സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ പറയാന്‍ കഴിയും രാഹുലാണ് മതേതരത്വത്തിന്റെ യഥാര്‍ത്ഥ പോരാളി.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞത് അദ്ദേഹത്തിന് നിരവധി രാഷ്ട്രീയ വഴികള്‍ ഇപ്പോഴുമുണ്ടെന്നാണ്. ഈ പ്രസ്താവനയില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം, അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലെന്ന്’, മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ശശി തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്കൊടുവിലാണ് തരൂരിന് മത്സരിക്കാന്‍ സോണിയ അനുമതി നല്‍കിയെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.