'ജനങ്ങളെന്ന് പറഞ്ഞാല്‍ ശശി തരൂരിന് പുച്ഛം, സാധാരണക്കാരന്‍ എന്നുകേട്ടാല്‍ പരമ പുച്ഛം'; പന്ന്യന്‍ രവീന്ദ്രന്‍

ജനങ്ങളെന്ന് പറഞ്ഞാല്‍ ശശി തരൂരിന് പുച്ഛമാണെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. സാധാരണക്കാരന്‍ എന്ന് കേട്ടാല്‍ പരമ പുച്ഛവുമാണ്. പാവപ്പെട്ട കുടുംബത്തിലാണ് താന്‍ ജനിച്ചത്. അതിനാല്‍ തനിക്ക് അധികം പഠിക്കാന്‍ ഒന്നും ആയില്ല. ചിലരുടെ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷിനെ ഭയങ്കരമായി പുകഴ്ത്തുന്നുവെന്നും അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ തനിക്കും അറിയാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ പോയി മലയാളത്തില്‍ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താനെന്നും പന്ന്യന്‍ രവീന്ദ്രൻ പറഞ്ഞു. തരൂരിന് തന്നെ പറ്റി അറിയില്ലായിരിക്കും. തരൂരിന് മുന്നേ പാര്‍ലമെന്റില്‍ എത്തിയ ആളാണ് താന്‍. എല്ലാത്തിലും കേമന്‍ താനാണ് എന്ന ഭാവമാണ് തരൂരിന്. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും സാധിക്കില്ലെന്നും അതൊന്നും പറയില്ല എന്നത് തന്റെ നിലടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ശശി തരൂർ തനിക്കെതിരെ നടത്തിയത് അഹങ്കാരത്തിൻ്റെ ഭാഷയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എനിക്കെതിരെ മത്സരിക്കാൻ ഇയാൾ ആരെന്നാണ് തരൂർ ചോദിച്ചത്. അദ്ദേഹത്തിന് മുൻപേ പാർലമെൻ്റിൽ എത്തിയ ആളാണ് താൻ. വോട്ടർമാരോട് ഉള്ള വെല്ലുവിളിയാണ് തരൂർ നടത്തിയത്. തെരഞ്ഞെടുപ്പിൽ ഒരു നേതാവിനെതിരെയും വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്ന ആളല്ല താനെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Read more

പണത്തിന്റെ ചാക്ക് കണ്ടാൽ മയങ്ങുന്നതാണോ മാധ്യമ സ്വാതന്ത്ര്യമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു. രാജീവ് ചന്ദ്രശേഖരൻ വന്നശേഷം മാധ്യമങ്ങൾ ഒരു ഭാഗത്തേക്ക് തിരിഞ്ഞു. അവതാരകൻ തന്നെ ഒരു ഭാഗത്തേക്ക് ചരിയുന്നു. പത്ര പ്രവർത്തനത്തിന് ഇത് കളങ്കമാണ്. തന്റെ കൈയ്യിൽ പണമില്ലാത്തതാണോ പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.മിക്കവാറും മാധ്യമങ്ങളും എൽഡിഎഫിനെ തമസ്കരിച്ചു. വ്യക്തിപരമായ വേദനയല്ല. ഇത് എൽഡിഎഫിന് എതിരെയുള്ള വെല്ലുവിളിയാണ്. കൊട്ടിക്കലാശത്തിൽ പോലും മാധ്യമങ്ങൾ എൽഡിഎഫിനെ തഴഞ്ഞുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.