ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ ചേര്‍ത്തല സ്വദേശി അഖില്‍, തൃശൂര്‍ സ്വദേശിയായ 12-ാം പ്രതി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത് പ്രതികളെ ആംബുലന്‍സില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപെടാന്‍ സഹായിച്ചു എന്നാണ് അഖിലിനെതിരായ കുറ്റാരോപണം. കൊലപാതകം നടത്തിയവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതാണ് സുധീഷിനും ഉന്മേഷിനും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായിട്ടില്ല എന്ന് പരിഗണിച്ചാണ് കോടതി നടപടി. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത് എന്നത് അടക്കമുളള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ രണ്ടു കൊലപാതകങ്ങളിലും ശക്തമായ അന്വേഷണമാണ് നടക്കുന്നത്. രഞ്ജിത്ത് വധക്കേസില്‍ ഇതുവരെ പിടിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.