'അവളെ കുടുക്കിയത് ആദ്യ ഭര്‍ത്താവ്'; മകള്‍ക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയിക്കുന്നുവെന്ന് ഡോ ശ്രീക്കുട്ടിയുടെ അമ്മ

കൊല്ലം മൈനാഗപ്പള്ളിയ്ക്ക് സമീപം ആനൂര്‍കാവില്‍ തിരുവോണ ദിവസം സ്‌കൂട്ടര്‍ യാത്രികയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് കേസില്‍ പ്രതിയായ ഡോ ശ്രീക്കുട്ടിയുടെ അമ്മ സുരഭി. ശ്രീക്കുട്ടി കേസില്‍ നിരപരാധിയാണെന്നും സംഭവങ്ങള്‍ക്ക് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭര്‍ത്താവ് സോണിയും കേസിലെ പ്രതിയായ അജ്മലും ആണെന്നായിരുന്നു ആരോപണം.

ശ്രീക്കുട്ടി കേസില്‍ നിരപരാധിയാണ്. അവള്‍ ആരെയും ഉപദ്രവിക്കില്ല. ആരുടെയും വാഹനത്തില്‍ കയറില്ല. മകളെ അവര്‍ മയക്കുമരുന്ന് നല്‍കി പാകപ്പെടുത്തിയെന്ന് സംശയിക്കുന്നു. അവളുടെ ആഭരണങ്ങളെല്ലാം അവന്‍ കൈക്കലാക്കി. അവള്‍ക്കുണ്ടായിരുന്ന രണ്ട് വാഹനങ്ങളും അവന്‍ അപഹരിച്ചെടുത്തുവെന്നും സുരഭി പറയുന്നു.

സംഭവങ്ങള്‍ക്ക് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭര്‍ത്താവ് സോണിയാണെന്നാണ് സുരഭിയുടെ ആരോപണം. തന്റെ മകളെ അകത്താക്കാന്‍ വേണ്ടി സോണിയും അജ്മലും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലി നോക്കുമ്പോഴായിരുന്നു അജ്മലും ശ്രീക്കുട്ടിയും പരിചയത്തിലാകുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയാണ് ശ്രീക്കുട്ടി. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

കേസിലെ ഒന്നാം പ്രതി അജ്മല്‍ കൊല്ലം ജില്ല ജയിലിലും ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലുമാണ്. അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകട ശേഷം കാറിന് ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പുതുക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.