ഇക്കഴിഞ്ഞ കുറെ ദിവസമായി നടൻ ഷൈൻ ടോം ചാക്കോയെ ചുറ്റിപ്പറ്റി സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് നടന്ന് വരുന്നത്. നടി വിൻസി അലോഷ്യസിന്റെ ഒരൊറ്റ തുറന്ന് പറച്ചിലിൽ കുടുങ്ങിയത് ഷൈൻ തന്നെയാണ്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയിലെ നടനെതിരെ, പേരെടുത്ത് പറയാതെ, വിന്‍സി അലോഷ്യസ് രംഗത്തെത്തിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന നിലപാടെടുത്ത വിന്‍സി കടുത്ത സൈബര്‍ ആക്രമാണമായിരുന്നു നേരിട്ടത്. ‘സിനിമ ഇല്ലാതായതോടെ അവസരം ലഭിക്കാനായുള്ള പിആര്‍’ എന്ന കമന്റുകള്‍ എത്തിയതോടെ നടി സോഷ്യല്‍ മീഡിയയില്‍ സംഭവം വിശദീകരിച്ച് രംഗത്തെത്തി. പിന്നാലെ ആ നടന്‍ ഷൈന്‍ ടോം ചാക്കോ തന്നെ എന്ന കാര്യവും പുറത്തെത്തി. പേര് പുറത്തുവിടാന്‍ ആഗ്രഹിക്കാതിരുന്ന തന്നെ ഒറ്റിയത് ഫിലിം ചേംബര്‍ ആണെന്ന വാദങ്ങളും വിൻസി ഉന്നയിച്ചിരുന്നു. മാത്രമല്ല പൊലീസിലോ എക്‌സൈസിലോ പരാതി നല്‍കാനും നടി തയാറല്ല.
പിന്നാലെ കാര്യങ്ങൾ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഈ വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ മറ്റൊരു വർത്തകൂടി പുറത്ത് വരുന്നു…. പൊലീസ് പരിശോധനക്കിടെ കലൂരിലെ ഹോട്ടലിലെ മുറിയിൽ നിന്നും ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയ സംഭവം. ഷൈനിന്റെ ‘മാരത്തോണി’ന്റെ ദൃശ്യങ്ങളും പുറത്തെത്തിയതോടെ സംഭവം ലൈവ് ആയി. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു ഷൈനിന്റെ ഓട്ടവും സാഹസികതയും. പരിശോധനക്കെത്തിയവരെ കണ്ട ഷൈൻ മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു. എന്നാൽ ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തിരച്ചിൽ. എന്നാൽ ഷൈനിനെതിരെ പരാതിയില്ലാത്തതിനാൽ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാൻ പൊലീസ് വിളിപ്പിച്ചു. ഒടുവിൽ ഷൈൻ പൊലീസ് പറഞ്ഞതിലും നേരത്തെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തുന്നു.
ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ പൊലീസിനോട് പറഞ്ഞത്. വന്നത് പൊലീസ് ആണെന്ന് അറിഞ്ഞില്ലെന്നും ആരോ അക്രമിക്കാൻ വന്നെന്ന് കരുതി പേടിച്ചോടിയതാണെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഹോട്ടലില്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണെന്ന് കൂടി ഷൈൻ പറഞ്ഞു. തീർന്നില്ല… ചോദ്യം ചെയ്യൽ തുടരുന്നു.. പക്ഷെ ഇടക്കൊക്കെ ഒന്ന് പാളി. പറയുന്നതിൽ വൈരുധ്യങ്ങൾ…അങ്ങനെ ആകെ മൊത്തം ഷൈനിന്റെ കയ്യിൽനിന്നും പോയി.
ഏകദേശം നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഷൈൻ ടോം ചാക്കോയെ പോലീസ് ലഹരിക്കേസിൽ അറസ്റ്റ് ചെയ്‌തത്. ഇന്ന് രാവിലെ പോലീസ് സ്‌റ്റേഷനിൽ ഹാജരായ നടൻ ചോദ്യംചെയ്യലിൽ പലതും നിഷേധിച്ചു. ലഹരി ഇടപാടുകാരെ അറിയില്ലെന്നായിരുന്നു നടൻ്റെ ആദ്യമറുപടി. എന്നാൽ, ഷൈൻ ടോം ചാക്കോയുടെ ഫോൺകോൾ വിവരങ്ങളും സന്ദേശങ്ങളും ഉൾപ്പെടെ നിരത്തി പോലീസ് ചോദ്യംചെയ്‌തതോടെ ഷൈൻ ഒന്ന് പതറി. ലഹരി ഇടപാടുകാരനായ സജീറുമായി ഷൈൻ ടോം ചാക്കോ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻ്റെയും ആശയവിനിമയം നടത്തിയതിന്റെയും തെളിവുകൾ പോലീസ് കണ്ടെത്തി. ഇത് മുന്നിൽവെച്ച് ചോദ്യംചെയ്യൽ തുടർന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് പിടിച്ചുനിൽക്കാനായില്ല. സജീറിനെ പരിചയമുണ്ടെന്ന് നടൻ സമ്മതിച്ചു. മാത്രമല്ല താൻ രാസലഹരി ഉപയോഗിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ സമ്മതിച്ചു. രാസലഹരിലായ മെത്താംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്നായിരുന്നു നടൻ പോലീസിന് നൽകിയമൊഴി. ഇവിടെയും തീർന്നില്ല. ഞെട്ടിക്കുന്നതായിരുന്നു ഷൈന്റെ മറ്റൊരു വെളിപ്പെടുത്തൽ. ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തേ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായും ഷൈൻ പൊലീസിന് മൊഴി നൽകി. അച്ഛൻ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷൻ സെൻ്ററിലാക്കിയത്. എന്നാൽ, 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും ഷൈൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
അതേസമയം നിലവിൽ ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിൾ പോലീസ് ശേഖരിച്ചു. ഇനിയും വിശദമായ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. ഇതാദ്യമായല്ല ഷൈന്‍ ടോം ചാക്കോ ലഹരിക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത്. 2015 ജനുവരിയിലാണ് ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഷൈന്‍ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്. അന്ന് ഷൈനിന്റെ ‘ഇതിഹാസ’ എന്ന സിനിമ സൂപ്പര്‍ ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു. അതിനിടെയാണ് മലയാള സിനിമാ മേഖലയെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ഷൈനും സുഹൃത്തുക്കളും പിടിയിലായ വാര്‍ത്ത പുറത്തെത്തിയത്. സഹസംവിധായികയുമായ ബ്ലെസി സില്‍വസ്റ്റര്‍, ഡിസൈനറായ രേഷ്മ രംഗസ്വാമി, മോഡലായ ടിന്‍സി ബാബു, ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയായ സ്‌നേഹ ബാബു എന്നിവരെയാണ് ഷൈനിനൊപ്പം അന്ന് പിടിയിലായത്. കൊച്ചി കലൂര്‍- കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ പുലര്‍ച്ചെ ഒരു മണിക്ക് നടന്ന റെയ്ഡിലാണ് സംഘം പിടിയിലായത്. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ 10 പായ്ക്കറ്റ് കൊക്കെയ്ന്‍ പൊലീസ് കണ്ടെത്തി. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നും ഉപയോഗിച്ചതിന്റെ ബാക്കി ലഹരിമരുന്നാണ് അതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈന്‍ ഉള്‍പ്പെടുന്ന സംഘത്തെ അന്ന് പൊലീസ് വലയിലാക്കിയത്. പിടിയിലാവുന്ന സമയത്ത് ഷൈനും സംഘവും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാല്‍ വേണ്ടത്ര തെളിവില്ലെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് തള്ളിപ്പോവുകയായിരുന്നു. ഈ കേസില്‍ പൊലീസിന് വീഴ്ചയുണ്ടായി എന്നാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോടതി പറഞ്ഞത്. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ല എന്ന വനിതാ പൊലീസിന്റെത് അടക്കമുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി വിമര്‍ശിച്ചു. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. ഈ കേസില്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതില്‍ വലിയ വീഴ്ചയുണ്ടായി എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ഒന്നാം പ്രതിയായ മോഡലില്‍ നിന്നും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പം ഇല്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷ ഗസറ്റഡ് ഓഫീസര്‍ക്ക് ദേഹപരിശോധന നടത്തുമ്പോള്‍ കൂടെ നില്‍ക്കാന്‍ നിയമം അനുവദിക്കില്ല. ഇത് കേസില്‍ തിരിച്ചടിയായി. ഷൈന്‍ ടോം ചാക്കോയോ മറ്റ് പ്രതികളോ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയില്ല. പൊലീസിന്റെ ഭാഗത്തെ വീഴ്ച കോടതി തുറന്നുകാട്ടി വിമര്‍ശിക്കുകയും ചെയ്തു.
അതിനിടെ ലഹരിയുമായി ബന്ധപ്പെട്ട് ഈയടുത്തും ഷൈന്‍ വിവാദത്തിലകപ്പെട്ടിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. പ്രതി തസ്ലിമ സുല്‍ത്താന്‍ ഷൈനിന് കഞ്ചാവ് നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. മാത്രമല്ല ലഹരി ഉപയോഗിക്കുന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ ലഹരി ഉപയോഗിക്കണമെന്ന നടന്റെ കമന്റും വിവാദമായിരുന്നു.