ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ? പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്; മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാൻ നീക്കം

പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെന്ന് സൂചന. ഷൈനിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ നടൻ തമിഴ്നാട്ടിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്എ. അതേസമയം ഷൈൻ പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ പ്രതിയല്ലാത്തതിനാൽ തന്നെ നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. അതേസമയം ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയ ഷൈൻ ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് സൂചന.

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ രക്ഷപെട്ടത് ബൈക്കിലാണെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ബോൾഗാട്ടിയിലെത്തിയ ഷൈൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി എടുത്തു. തുടർന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്ക് പോയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതിനിടെ ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും.

ഷൈനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർ നടപടികൾ സ്വീകരിക്കും. ഷൈനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളിൽ നിന്ന് ഉയർന്നിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്നാണ് അഡ്ഹോക് കമ്മിറ്റി നിലപാട്. ഇതിനിടെ ഷൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസിൽ ആശയകുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും പോലീസ് കേസെടുക്കണോയെന്ന് തീരുമാനമെടുക്കുക.

ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.

Read more