പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. എൻഡിപിഎസ് (NDPS) ആക്ടിലെ വകുപ്പ് 27 ഉം 29 ഉം പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമുള്ള സെക്ഷനാണ് 27 ഉം 29 ഉം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
നടൻ നൽകിയ മൊഴികളിൽ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകൾ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈൻ പൊലീസിനോട് നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്.
കുറ്റകൃത്യത്തിനായുള്ള പ്രേരണയോ ഗൂഡാലോചനയോ നടത്തിയാൽ കേസെടുക്കാൻ കഴിയും എന്നതാണ് ഷൈനിനെതിരെ എടുത്ത വകുപ്പിന്റെ പ്രത്യേകത. ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേർക്കാനിടയുണ്ടെന്നാണ് വിവരം. അറസ്റ്റിന് ശേഷമാകും റിമാൻഡ് ഉൾപ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കുക.