ലഹരി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.
കഴിഞ്ഞ ദിവസം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച താരത്തോട് 22ന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈന്‍ അറിയിക്കുകയായിരുന്നു. ഇത് പൊലീസ് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ഷൈന്‍ 21ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ ടോം ചാക്കോയെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. രാസ ലഹരി ഉള്‍പ്പെടെ ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഷൈന്‍ സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുന്‍പ് ആന്റി ഡോട്ട് ഉപയോഗിച്ചിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്.
ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാതിരിക്കാനുള്ള മറുമരുന്നെന്ന നിലയിലുള്ള ആന്റിഡോട്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് പൊലീസിന്റെ സന്ദേഹം. അങ്ങനെയെങ്കില്‍ വൈദ്യ പരിശോധന ഫലത്തില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ലഹരി കേസില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. എഫ്ഐആര്‍ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന്‍ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ നിയമനടപടികള്‍ തുടങ്ങിയേക്കും.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ശേഷം ആള്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഷൈനിനെതിരെ നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ (എന്‍ഡിപിഎസ്) 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്.
ചോദ്യം ചെയ്യലില്‍ സിനിമാ മേഖലയില്‍ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്നാണ് ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്. പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴി മുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണ് എന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.
അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്.
Read more
എന്നാല്‍ പാതിവഴിയില്‍ ചികിത്സ നിര്‍ത്തി മടങ്ങി എന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്. ഷൈനിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള തുകകള്‍ വ്യക്തികള്‍ക്ക് കൈമാറിയ ഇടപാടുകളാണ് പൊലീസ് സംശയിക്കുന്നത്.