'ശോഭന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല'; ഫോണിലൂടെ തന്നെ അറിയിച്ചെന്ന് ശശി തരൂര്‍

നടി ശോഭന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കില്ലെന്ന് ശശി തരൂര്‍ എംപി. ശോഭന അടുത്ത സുഹൃത്താണെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഫോണിലൂടെ തന്നെ അറിയിച്ചെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥികളായി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നത് നിരാശയില്‍ നിന്നാണെന്നും ശശി തരൂര്‍ പറഞ്ഞു.

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും തരൂര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ല. ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും തരൂര്‍ പറഞ്ഞു.

നേരത്തെ ശോഭന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. ‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവര്‍ മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു” എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശോഭനയുടയും നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെയും പേരുകള്‍ പരിഗണിക്കുന്നതായി നേരത്തെ അഭ്യൂഹം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത തൃശൂരിലെ വനിതാ സമ്മേളനത്തില്‍ ശോഭന പങ്കെടുത്തതോടെയാണ് നടിയുടെ ബിജെപി പ്രവേശം ചര്‍ച്ചയായത്.