എല്ലാം അമ്മയുടെ അറിവോടെ, ധനേഷിനൊപ്പം ചേർന്ന് കുട്ടികളെ മദ്യം കുടിപ്പിച്ചു, സുഹൃത്തുക്കളെയും ലക്ഷ്യം വെച്ചു; കുറുപ്പുംപടി പീഡനത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

പെരുമ്പാവൂർ കുറുപ്പുംപടിയിൽ സഹോദരിമാരായ കുട്ടികളെ അമ്മയുടെ ആൺസുഹൃത്ത് ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായി പെൺകുട്ടികൾ മൊഴി നൽകി. പെൺകുട്ടികളുടെ അമ്മയും ചേർന്നായിരുന്നു മദ്യം നൽകിയത്. അമ്മയ്‌ക്കെതിരേ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു.

ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരവും പുറത്തുവന്നു. രണ്ടാനച്ഛൻ എന്ന നിലയിലായിരുന്നു പെൺകുട്ടികൾ ധനേഷിനെ കണ്ടിരുന്നത്. കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂട്ടുകാരിക്ക് പെൺകുട്ടി അയച്ച കത്ത് ക്ലാസ് ടീച്ചർ കണ്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം ക്ലാസ് ടീച്ചറോട് തുറന്നുപറഞ്ഞു.

സോഷ്യൽ മീഡിയയിൽ കണ്ട കൂട്ടുകാരികളെയാണ് കൂട്ടികൊണ്ട് വരാൻ ധനേഷ് ആവശ്യപ്പെട്ടത്. ധനേഷിന്റെ സമ്മർദ്ദത്തിന് വഴങ്ങി പെൺകുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതാണ് സ്‌കൂളിലെ അധ്യാപിക കണ്ടെത്തിയത്.

രണ്ടു വർഷത്തോളമായി പെൺകുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛൻ ചികിത്സയിലായിരിക്കുന്ന സമയത്താണ് ധനേഷുമായി അമ്മ അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്സിയിലാണ്. ഈ ഘട്ടത്തിൽ ധനേഷുമായി പെൺകുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛൻ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവർക്കൊപ്പം താമസമാക്കി.

കുറുപ്പംപടിയിൽ ഒരു വാടകവീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതൽ ഇയാൾ പെൺകുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു. അതേസമയം പെൺകുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താൻ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നൽകിയ മൊഴി.

മജിസ്ട്രേറ്റ് കോടതി പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ ഇന്നലെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.