പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദി; ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ പറ്റി; മികച്ച ചികിത്സ ലഭിച്ചു; ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശബ്ദിക്കുമെന്ന് ഷോണ്‍

തന്റെ പിതാവായ പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്ന് ഷോണ്‍ ജോര്‍ജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ പല ആരോഗ്യപ്രശ്‌നങ്ങളും അറിയാന്‍ കഴിയില്ലായിരുന്നുവെന്ന് അദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് പിസി ജോര്‍ജിന് ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ആശുപത്രിയില്‍ പോകാന്‍ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പിസി ജോര്‍ജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ കാരണം പരാതിക്കാരനാണെന്നും ഷോണ്‍ പറഞ്ഞു.

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കും. സ്വന്തം പ്രസ്താവന ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ജോര്‍ജ് തന്നെ മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതാണ് ജോര്‍ജിനെതിരേ മുസ്ലിം ലീഗ് തിരിയാന്‍ കാരണമെന്നും അദേഹം ആരോപിച്ചു.

ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു.

ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. നിലവില്‍ റിമാന്‍ഡിലുള്ള ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് കേസില്‍ പി സി ജോര്‍ജ് കീഴടങ്ങിയത്. പൊലീസ് നീക്കങ്ങളെ മറികടന്ന് ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി സി ജോര്‍ജ് കോടതിയില്‍ എത്തിയത്. പൊലീസ് ശ്രമങ്ങളെ മറികടന്നായിരുന്നു പി സി ജോര്‍ജിന്റെ കീഴടങ്ങല്‍.

കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു വിവരം. പി സി ജോര്‍ജ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അറസ്സ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ശനിയാഴ്ച വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് പി സി ജോര്‍ജ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. എന്നാല്‍ ഉച്ചവരെ സാവകാശം തേടി പി സി ജോര്‍ജ് പാലാ ഡിവൈഎസ്പി ഓഫീസില്‍ കത്തും നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സാവകാശം തേടിയത്.

അതേസമയംചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശനം നടത്തിയതിന് പിന്നാലെ പി സി ജോര്‍ജ് അന്ന് സമൂഹമാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. എന്നാല്‍ പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.