മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്. എയർഗൺ ഉപയോഗിച്ചുള ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്‌മാനാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കഴുത്തിന് പരിക്കേറ്റ ലുഖ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ രണ്ട് പ്രദേശങ്ങളിലെ ആളുകൾ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. പെപ്പർ സ്പ്രേയും ഉപയോഗിച്ചു. ആളുകൾ ചിതറിയോടി. ഇതിനിടയിൽ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
അതേസമയം ആരാണ് വെടിവച്ചതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിൽ ലുഖ്‌മാന് മാത്രമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടാഴ്ച മുമ്പും പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.