Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ഷുഹൈബ് വധക്കേസ്: കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചു വിട്ടു

, 6:33 pm

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചു വിട്ടു. ആറംഗ സംഘത്തിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയും ഉത്തരവായി. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസുകാര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ആബ്യന്തര വകുപ്പിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഷുഹൈബിന്റെ വധക്കേസ് അന്വേഷണത്തില്‍ കാര്യമായി സഹകരിച്ചില്ലെന്നും സ്‌ക്വാഡിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് സ്‌ക്വാഡ് പിരിച്ചുവിട്ടത്. റെയ്ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതായി നേരത്തേ കണ്ണൂര്‍ എസ്പി: ജി.ശിവവിക്രം സംസ്ഥാന പൊലീസ് മേധാവി, ഉത്തരമേഖലാ ഡിജിപി, കണ്ണൂര്‍ റേഞ്ച് ഐജി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.

ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ റെയ്ഡ് ഉള്‍പ്പെടെ നിര്‍ണായക നീക്കം പൊലീസ് നടത്തിയിരുന്നു. എന്നാല്‍ എസ്പി റെയ്ഡിനെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്നാണു വിവരങ്ങള്‍ ചോര്‍ന്നതായി ഉന്നത പൊലീസ് നേതൃത്വത്തെ ധരിപ്പിച്ചത്.
ഇതു സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ആരോപണം ശരിയാണെന്നു ബെഹ്‌റ വ്യക്തമാക്കി. ചികില്‍സാര്‍ഥം അവധിയിലായിരുന്ന ബെഹ്‌റ മടങ്ങിയെത്തിയ ഉടന്‍ അന്വേഷണച്ചുമതല കണ്ണൂര്‍ റേഞ്ച് ഐജിയെ ഏല്‍പിക്കുകയും ചെയ്തു.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പൊലീസ് ഇനി ഒന്നും അന്വേഷിക്കേണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇതു പൊലീസിന് ക്ഷീണമായിരുന്നു.

Advertisement