2023ലെ അന്താരാഷ്ട്ര CMCC (Climate Change Communication) അവാര്‍ഡ് മലയാളിയായ ഷോണ്‍ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഫെയ്‌സസ് ഓഫ് ക്ലൈമറ്റ് റിസിലയന്‍സ് (Faces of Climate Resilience) എന്ന ഡോക്യുമെന്ററി പരമ്പരയ്ക്ക് ലഭിച്ചു. 2021 മുതലാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപെട്ട സംപ്രേഷണ കലാസൃഷ്ടികള്‍ക്കു നല്‍കുന്നത്. നവംബര്‍ 16ന് ഇറ്റലിയിലെ ഫ്‌ലോറെന്‍സില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
വേള്‍ഡ് ബാങ്ക്, യൂറോപ്യന്‍ ക്ലൈമറ്റ് ആക്ഷന്‍ എന്നിവ ഉള്‍പ്പെടെ 372 മത്സരാര്‍ഥികളില്‍ നിന്നാണ് ഫെയ്‌സസ് ഓഫ് ക്ലൈമറ്റ് റിസിലയന്‍സ് ജൂറി മികച്ച പ്രോജക്റ്റായി ഇന്ത്യയില്‍ നിന്നുള്ള തിരഞ്ഞെടുത്തത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ ഇന്ത്യന്‍ ജനത എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ഈ ഡോക്യുമെന്ററി സീരീസിലെ പ്രതിപാദ്യം. കേരളം, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 16 ഹ്രസ്വ ഡോക്യൂമെന്ററികളും ഫോട്ടോ റിപ്പോര്‍ട്ടുകളും ആണ് പ്രോജക്ടിന്റെ ഭാഗമായി ചെയ്തത്.
ഇറ്റാലിയൻ വിദ്യാഭ്യാസ പരിസ്ഥിതി മന്ത്രാലയങ്ങളുടെ സഹായത്തോടെ 2005 ൽ സ്ഥാപിതമായCMCC ഫൗണ്ടേഷൻ ആണ് ഈ അവാർഡ് 2021 മുതൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംപ്രേഷണ കലാസൃഷ്ടികൾക്കു നൽകുന്നത്.
2018ലെ നാശനഷ്ടങ്ങള്‍ക്ക് ശേഷം ഇടുക്കിയിലെ ചെറുതോണി തയാറാക്കിയ പ്രളയ പ്രതിരോധ പദ്ധതി, മണ്ണിടിച്ചില്‍ മൂലം നഷ്ടപ്പെട്ട ജീവിതം തിരികെ പിടിച്ച ഇടുക്കിയിലെ തൊഴിലാളിയുടെ കഥ, കുട്ടനാട്ടിലെ പ്രളയത്തെ മറികടക്കാന്‍ ഉയരം കൂടിയ വീടുകള്‍ പണിയുന്ന രീതി, ചേന്ദമംഗലത്തെ നെയ്ത്തുതൊഴിലാളികള്‍ക്ക് പ്രളയത്തില്‍ വന്ന നഷ്ടങ്ങള്‍ മുതലായവയാണ് കേരളത്തില്‍ നിന്നുള്‍പ്പെടുത്തിയ പ്രമേയങ്ങള്‍.
‘കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് തീര്‍ക്കുന്ന ഇന്ത്യയിലെ സാധാരക്കാരായ ജനങ്ങള്‍ക്ക് ഡോക്യുമെന്ററി എന്ന കലാ രൂപത്തിലൂടെ ഒരു ശബ്ദം കൊടുക്കുകയാണ് ഫെയ്‌സസ് ഓഫ് ക്ലൈമറ്റ് റിസിലയന്‍സ് ചെയ്തത് എന്ന് ജൂറി രേഖപ്പെടുത്തി. ഈ പ്രോജക്ടിലൂടെ ശാസ്ത്ര നിബിഡമായ കാലാവസ്ഥ വ്യതിയാനം എന്ന സങ്കല്‍പ്പത്തിന് ഒരു മാനുഷിക മുഖം നല്‍കുകയാണ് ചെയ്തത് എന്ന് കൂടി ജൂറി പറഞ്ഞു. ഒരു വലിയ അംഗീകാരം ആണ് ഈ അവാര്‍ഡ് എന്ന് സംവിധായകന്‍ ഷോണ്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
ഏകദേശം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പ്രോജക്ടിലൂടെ കാലാവസ്ഥ വ്യതിയാനം മൂലം ഇന്ത്യയിലെ സാധാരണക്കര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കാണാന്‍ ആയെന്നും, അത് മാത്രമല്ല ഏതു വിപത്തിനെയും മറികടക്കാനായുള്ള അവരുടെ നിശ്ചയ ദാര്‍ഢ്യവും മനധൈര്യവും എന്നും ഒരു പ്രചോദനം ആണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു. Council on Energy Environment and Water (CEEW), India Climate Collaborative, Edelgive Foundation എന്നിവരാണ് ഈ പ്രോജക്ടിന്റെ നിര്‍മാതാക്കള്‍.