വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് നിരവധി കുട്ടികൾക്ക് മുന്നിൽ വിദ്യാർത്ഥി നേരിടേണ്ടിവന്നതെന്നും ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ പരാമർശം. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവർണർ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.
നിലവില്‍ സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്.