ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് അതിനിർണായക ദിനം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാന സർക്കാരിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.
തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് വിവരം. സിദ്ദിഖിനെ സഹായിച്ചെന്ന സംശയത്തില്‍ മകൻ ഷഹീന്‍റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു വിഭാഗം കൊച്ചിയില്‍ തുടരുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയത്തിനെ തുടർന്ന് സിദ്ദിഖ് ഒളിവിൽപ്പോയത്.