സിദ്ധിഖ് കാപ്പന് നിയമപരിരക്ഷയും വൈദ്യസഹായവും ഉറപ്പു വരുത്തണം: രവിചന്ദ്രൻ സി

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് നിയമ പരിരക്ഷയും വൈദ്യസഹായവും ഉറപ്പു വരുത്തണമെന്ന് യുക്തിവാദിയും എഴുത്തുകാരനുമായ രവിചന്ദ്രൻ സി. നിയമസഹായം, വൈദ്യസഹായം, സാമാന്യനീതി, മനുഷ്യത്വപരമായ പെരുമാറ്റം എന്നിവ സിദ്ധിഖ് കാപ്പന്‍ അര്‍ഹിക്കുന്നു. ആരോപിക്കുന്ന കുറ്റങ്ങള്‍ നിയമപരമായി തെളിയിക്കുന്നത് വരെ  നിയമത്തിന് മുന്നില്‍ കാപ്പന്‍ നിരപരാധിയാണ്. കേസ് വിസ്താരം തന്നെ ശിക്ഷയായി മാറുന്നത് നിയമനിഷേധം തന്നെയാണെന്നും രവിചന്ദ്രൻ സി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

രവിചന്ദ്രൻ സിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

നിയമം അന്ധമാകണം, അന്ധനിയമം അനാശാസ്യം
(Ravichandran C)

(1) മലയാളി പത്രപ്രവര്‍ത്തകനായ സിദ്ധിഖി കാപ്പന് നേരെ ഉത്തരപ്രദേശ് ജയിലില്‍ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകുന്നു എന്ന ആരോപണം വ്യാപകമാണ്(https://scroll.in/…/journalist-siddique-kappan-gets…). നിയമസഹായം, വൈദ്യസഹായം, മാനവികതയോടു കൂടിയ സമീപനം എന്നിവയ്ക്ക് കുറ്റാരോപണം നേരിടുന്ന എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടനാപരമായ അര്‍ഹതയുണ്ട്. അഴിമുഖം എന്ന പേരുള്ള ഒരു മലയാളം ഓണ്‍ ന്യൂസ് പോര്‍ട്ടല്‍ ലേഖകനായിരുന്നു സിദ്ധിഖി കാപ്പന്‍. 2020 ഒക്ടോബറിലാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ അദ്ദഹത്തെ UAPA ചുമത്തി ജയിലില്‍ അടയ്ക്കുന്നത്.

(2) ഒരു ദളിത് പെണ്‍കുട്ടിയുടെ ബലാല്‍സംഗവും കൊലയുമായി ബന്ധപെട്ട് വന്‍ വിവാദമായി മാറിയ ഹത്രാസ് കേസ് (2020 Sept) റിപ്പോര്‍ട്ട് ചെയ്യുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഉത്തര്‍പ്രദേശിലെത്തിയത്. യു.പി പോലീസ് കാപ്പനേയും അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരേയും അറസ്റ്റ് ചെയ്യുന്നു. നിയമവിരുദ്ധപ്രവര്‍ത്തനം, രാജ്യത്തിന് എതിരെയുള്ള പ്രവര്‍ത്തനം (sedition) എന്നിവയാണ് ഉന്നയിക്കപെട്ട കുറ്റങ്ങള്‍. ജാതീയവൈരം ബോധപൂര്‍വം കുത്തിയിളക്കാനും ജാതിസംഘര്‍ഷങ്ങള്‍ രൂക്ഷമാക്കാനും ഇസ്ലാമിക് മതമൗലികവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്തേകാനാണ് കാപ്പനും സുഹൃത്തുക്കളും ആസൂത്രിതമായി ആ സമയത്ത് യു.പി. യിലെത്തിയത് എന്ന നിലപാടാണ് യു.പി സര്‍ക്കാര്‍ സ്വീകരിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.

(3) ഈ മാസം നാലാം തീയതി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മഥുര കോടതിയില്‍ കാപ്പനും കൂട്ടര്‍ക്കുമെതിരെ 5000 പേജുള്ള ഒരു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാപ്പനും കൂട്ടരും ദോഹ, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും 80 ലക്ഷം രൂപയുടെ അനധികൃത വിദേശ ധനസഹായം സ്വീകരിച്ചെന്നും പോലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു(https://scroll.in/…/hathras-case-up-police-file-5000…). 50 സാക്ഷികളെയും ഒട്ടനവധി ഭൗതിക തെളിവുകളെയും കുറിച്ച് അസാധാരണമായ തോതില്‍ ദൈര്‍ഘ്യമുള്ള
കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

(4) യു.പി. സര്‍ക്കാരിന്റെ പകപോക്കല്‍ നയത്തിന്റെ ഭാഗമായാണ് കാപ്പനെയും കൂട്ടരെയും തടങ്കിലില്‍ പാര്‍പ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. കാപ്പനെ വ്യാജ ആരോപണങ്ങള്‍ ഉപയോഗിച്ച് കുടുക്കിയതാണ്. ജയിലില്‍ സിദ്ധിഖി കാപ്പന് ദുരനുഭവങ്ങളും നീതിനിഷേധങ്ങളും നേരിടണ്ടിവരുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഈ കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകണം എന്നാവശ്യപെട്ട് 11 യു.ഡി.എഫ് എം.പിമാര്‍ ചീഫ് ജസ്റ്റീസ് രമണയ്ക്ക് കത്തയച്ചിരുന്നു.
(5) സിദ്ധിഖി കാപ്പന്റെ ഭാര്യ നീതി ലഭ്യമാക്കണം എന്നാവശ്യപെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിയോട് നടത്തിയ പരസ്യ അഭ്യര്‍ത്ഥനിയില്‍ കാപ്പന് വേണ്ടി കുറഞ്ഞത് ഒരു കത്തെങ്കിലും അയക്കണം എന്നാവശ്യപെട്ടിരുന്നു. ഇന്ന് അത്തരത്തില്‍ ഒരു കത്ത് കേരളമുഖ്യമന്ത്രി യു.പി മന്ത്രിക്ക് അയച്ചതായി അറിയുന്നു. പ്രമേഹരോഗി കൂടിയായ കാപ്പന്‍ ഇപ്പോള്‍ കോവിഡ് പിടിപെട്ട് ആശുപത്രിയിലാണ്. കൈവിലങ്ങുമായാണ് ആശുപത്രി കിടക്കയിലും കഴിയുന്നതെന്ന് ആരോപണമുണ്ട്.

(6) നിയമസഹായം, വൈദ്യസഹായം, സാമാന്യനീതി, മനുഷ്യത്വപരമായ പെരുമാറ്റം എന്നിവ സിദ്ധിഖി കാപ്പന്‍ അര്‍ഹിക്കുന്നു. ആരോപിക്കുന്ന കുറ്റങ്ങള്‍ നിയമപരമായി തെളിയിക്കുന്നതുവരെ നിയമത്തിന് മുന്നില്‍ കാപ്പന്‍ നിരപരാധിയാണ്. കേസ് വിസ്താരം തന്നെ ശിക്ഷയായി മാറുന്നത് നിയമനിഷേധം തന്നെയാണ്. അബ്ദുള്‍ നാസര്‍ മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക. കുറ്റം എന്തുമാകട്ടെ, നിയമത്തിന് നീതിരഹിതമായി പെരുമാറാനാകില്ല. കുറ്റാരോപണം കുറ്റം ചെയ്തു എന്നതിന്റെ തെളിവല്ല. ആരോപണവും വിസ്താരവും ശിക്ഷയായി പരിണമിക്കുന്നത് നിയമവ്യവസ്ഥയുടെ അപരിഷ്‌കൃതാവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സിദ്ധിഖി കാപ്പന് നിയമ പരിരക്ഷയും വൈദ്യസഹായവും ഉറപ്പുവരുത്തണം.കുറ്റാരോപിതരുടെ ജനാധിപത്യ-നിയമ-പൗരാവകാശങ്ങള്‍ ലംഘിക്കപെടുന്നത് നിയമത്തിലും നീതിവ്യവസ്ഥയിലും രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കുമുള്ള വിശ്വസത്തെയാണ് ഉലയ്ക്കുന്നത്.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ