പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കോളേജ് ഡീനും അസിസ്റ്റന്റ് വാർഡനും എതിരെ ഗുരുതര കണ്ടെത്തലുകൾ. നടന്ന കാര്യങ്ങൾ പുറത്തു പറയരുതെന്ന് വിദ്യാർത്ഥികളോട് ഡീനും അസിസ്റ്റന്റ് വാർഡനും ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. യുജിസിക്ക് ആന്റി റാഗിംഗ്
സ്‌ക്വാഡ് നൽകിയ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ.
ഭയം കാരണം വിദ്യാർത്ഥികൾക്ക് സത്യസന്ധമായ വിവരങ്ങൾ പറയാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകുമ്പോൾ ഡീനും അസിസ്റ്റന്റ് വാർഡനനും ഒപ്പം നിന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികൾ തന്നെയാണ് ഇക്കാര്യങ്ങൾ ആന്റി റാഗിങ് സ്‌ക്വാഡിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്.
അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാതെ അധ്യാപകരും പെൺകുട്ടികളും വിട്ടുനിന്നു. 85 ഓളം ആൺകുട്ടികൾ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജാരായപ്പോൾ നാല് അധ്യാപകരും വിദ്യാർത്ഥിനികളും മാത്രമാണ് ഹാജരായി മൊഴി നൽകിയത്. പെൺകുട്ടികളിൽ നിന്ന് മൊഴിയെടുത്താൻ പല കാര്യങ്ങളും പുറത്തുപോകുമെന്ന ഭയത്തിലാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്ന ആരോപണം ഉയർന്നു.
കൂടാതെ കാമ്പസിൽ നേരത്തെയും സമാനമായ മർദനമുറകൾ നടന്നിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2019ലും 2021ലും സമാനമായി റാഗിങ്ങ് നടന്നു. ഇതിൽ രണ്ടു വിദ്യാർത്ഥികളാണ് ഇരയായത്. ഒരു വിദ്യാർത്ഥി രണ്ട് ആഴ്ച ക്ലാസിൽ ഉണ്ടായിരുന്നില്ല. ഈ രണ്ട് ആഴ്ച വിദ്യാർത്ഥിക്ക് എന്തു സംഭവിച്ചു എന്ന കാര്യം പറയാൻ വിദ്യാർത്ഥി തയാറായിട്ടില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Read more
റിപ്പോർട്ടിനൊപ്പം ചില ശുപാർശകൾ കൂടി സ്‌ക്വാഡ് മുന്നോട്ട് വെക്കുന്നുണ്ട്. കാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം, യൂണിയൻ പ്രതിനിധികളെയും ക്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുക്കുമ്പോൾ അക്കാഡമിക് നിലവാരം മാനദണ്ഡമാക്കണമെന്നും ശുപാർശ ചെയ്യുന്നു.