മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയത് തെറ്റായ പാളത്തിൽ. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് വരേണ്ട വണ്ടി വന്ന് നിർത്തിയത് പ്ലാറ്റ്‌ഫോമില്ലാത്ത നടുവിലത്തെ പാളത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 6.44നാണ് സംഭവം. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത തീവണ്ടികൾ കടന്നുപോകുന്ന പാളമാണിത്. ഈ സമയം പാളത്തിൽ മറ്റ് വണ്ടിയില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
സിഗ്‌നൽ ലൈറ്റ് തെറ്റായി തെളിഞ്ഞതാണ് വണ്ടി പാളം മാറി വരാൻ കാരണമായത്. വണ്ടി വരുന്ന സമയം പച്ച സിഗ്‌നൽ ലൈറ്റ് തെളിഞ്ഞത് രണ്ടാം നമ്പർ പാളത്തിലേക്കായിരുന്നു. സ്റ്റേഷൻ മാസ്റ്റർക്ക് പറ്റിയ അബദ്ധമാണ് സിഗ്‌നൽ ലൈറ്റ് മാറാനിടയാക്കിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ ചോദ്യത്തിന് മറുപടി പറയവേ സിഗ്‌നൽ ലൈറ്റിന്റെ സ്വിച്ച് മാറി അമർത്തിയെന്നാണ് സ്റ്റേഷൻ മാസ്റ്റർ കൃഷ്ണ മുരാരി നൽകുന്ന വിശദീകരണം.
പ്ലാറ്റ്ഫോമില്ലാത്ത മധ്യലൈനിൽ തീവണ്ടി നിന്നതോടെ യാത്രക്കാരും കുടുങ്ങി. ലഗേജുമായി വണ്ടിയിലെങ്ങനെ കയറുമെന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ യാത്രക്കാർ ആശങ്കപ്പെട്ടപ്പോൾ ലഗേജുമായി എങ്ങനെ പ്ലാറ്റ്ഫോമില്ലാത്തിടത്തേക്ക് ഇറങ്ങുമെന്ന് പറഞ്ഞ് കമ്പാർട്ടുമെന്റിന്റെ വാതിലിൽ യാത്രക്കാർ തിങ്ങിനിന്നു.
പ്രായമായവരും സ്ത്രീകളും കുട്ടികളുമെല്ലാം പ്ലാറ്റ്ഫോമിൽ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് പാളത്തിലേക്കിറങ്ങിയത്. ഇറങ്ങിയശേഷം ഒന്നാമത്തെ പാളം മുറിച്ചുകടന്ന് പ്ലാറ്റ്‌ഫോമിനടുത്ത് എത്തിയ പലരും എങ്ങനെ മുകളിലേക്ക് കയറുമെന്നറിയാതെ പകച്ചു നിന്നു. ചിലരെ കൂടെയുള്ളവർ കൈപിടിച്ചു കയറ്റി. ചിലർ കയറുന്നതിനിടെ തെന്നിവീണു. വണ്ടിയിൽ കയറാനുള്ളവരിൽ ചിലർ പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗത്തേക്ക് ഓടി. അവിടെ നിന്ന് പാളത്തിലേക്കിറങ്ങി മീറ്ററുകളോളം നടന്നുവന്നു.
യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സമയമെടുത്തതിനാൽ തീവണ്ടി ഏഴുമിനിറ്റ് സ്റ്റേഷനിൽ നിർത്തിയിട്ടു. യാത്ര തുടർന്ന വണ്ടി ഇതേ പാളത്തിലൂടെ മുന്നോട്ട് പോയ ശേഷമാണ് വീണ്ടും ഒന്നാം നമ്പർ പാളത്തിലേക്ക് പ്രവേശിച്ചത്.
ഈ സമയം സ്റ്റേഷനിൽ വണ്ടി കാത്ത് കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉണ്ടായിരുന്നു. യാത്രക്കരുടെ ദുരിതം നേരിൽ കണ്ടുനിന്ന എംഎൽഎ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് യാത്രക്കാർക്കുണ്ടായ പ്രയാസം അറിയിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു.