കെ റെയില്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന വിവാദമായ സില്‍വര്‍ ലൈന്‍ സംവാദം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹോട്ടല്‍ താജ് വിവാന്തയിലാണ് സംവാദം നടക്കുക. രണ്ട് മണിക്കൂറാണ് സംവാദം.
സംവാദത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്ന് കണ്ണൂര്‍ ഗവ കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ടയേഡ് പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമായ ഡോ.ആര്‍.വി.ജി മേനോന്‍ മാത്രമായിരിക്കും പങ്കെടുക്കുക. ജോസഫ് മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ പങ്കെടുക്കില്ലെന്നും കഴിഞ്ഞ ദിവസം അറിയിച്ചു. ഇതേ തുടര്‍ന്ന് ആര്‍വിജി മേനോനെയും പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് സംവാദം നടത്തുക.
പദ്ധതിയെഅനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ ബോര്‍ഡ് എഞ്ചിനീയര്‍ സുബോധ് ജെയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കുഞ്ചറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ഉള്ളത്. എതിര്‍ പാനലില്‍ ഒരാള്‍ മാത്രം ഉള്ളതിനാല്‍ ആര്‍വിജി മേനോന് കൂടുതല്‍ സമയം അനുവദിച്ചാണ് സംവാദം നടത്തുക.
പദ്ധതിയുടെ ഗുണ-ദോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന സംവാദം സര്‍ക്കാരാണ് നടത്തേണ്ടത് എന്നാരോപിച്ചാണ് അലോക് വര്‍മ്മ പിന്മാറിയത്. കെ റെയിലിന് ആത്മാര്‍ത്ഥതയില്ലെന്നും സംസാരിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീധര്‍ രാധാകൃഷ്ണനും പറഞ്ഞിരുന്നു. സംവാദത്തിലൂടെ വിമര്‍ശനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെന്നാണ് ആര്‍.വി.ജി മേനോന്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം സംവാദം വെറും പ്രഹസനമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനം. സില്‍വര്‍ലൈന്‍ സംവാദത്തിന് ബദല്‍ സംവാദം നടത്താനൊരുങ്ങിയിരിക്കുകയാണ് ജനകീയ പ്രതിരോധ സമിതി. മെയ് നാലിന് സംവാദം നടത്താനാണ് ജനകീയ പ്രതിരോധ സമിതി തീരുമാനിച്ചിരിക്കുന്നത്.
സംവാദത്തില്‍ അലോക് വര്‍മ്മ, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയേയും കെ റെയില്‍ അധികൃതരേയും ക്ഷണിക്കും.