സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം ശക്തമായതോടെ മൂന്ന് ജില്ലകളിലെ സര്‍വ നടപടികള്‍ താല്‍കാലികമായി നിര്‍ത്തി വച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സാമൂഹിക ആഘാത പഠനമാണ് താല്‍കാലികമായി നിര്‍ത്തുന്നത്. സര്‍വേ നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് റവന്യൂ വകുപ്പിനെ തീരുമാനം അറിയിച്ചു.
എറണാകുളം ജില്ലയില്‍ സാമൂഹിക ആഘാത പഠനം നടത്താനെത്തിയ സംഘത്തിന് നേരെ കടുത്ത പ്രതിഷേധമാണ് നടന്നത്. എളവൂര്‍ പുളിയനത്ത് സര്‍വേയ്‌ക്കെത്തിയ ആദ്യ ദിവസം തന്നെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ക്ക് തിരികെ പോകേണ്ടി വന്നു. സമരസമിതിയും നാട്ടുകാരും സംയുക്തമായാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
ജനങ്ങളുടെ നിസ്സഹകരണത്തിനിടെ സര്‍വേ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് വ്യക്തമാക്കിയത്. പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് വിവരങ്ങള്‍ തേടി സര്‍വേ നടത്താന്‍ കഴിയുന്ന സാഹചര്യമല്ല.
എതിര്‍പ്പ് ശക്തമായതിനാല്‍ പഠനം തുടരുക അപ്രായോഗികമാണ്. ഇതോടെയാണ് എറണാകുളം ജില്ലാ കളക്ടര്‍ മുഖാന്തരം റവന്യൂ വകുപ്പിനെ തീരുമാനം അറിയിച്ചത്.