സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയുള്ള വിജ്ഞാപനം പുതുക്കിയിറക്കാനൊരുങ്ങി സര്‍ക്കാര്‍. മൂന്ന് മുതല്‍ ആറ് മാസം വരെ സമയം നല്‍കാനാണ് ആലോചന. കാലാവധി തീര്‍ന്ന 9 ജില്ലകളില്‍ പുതിയ വിജ്ഞാപനം ഈ ആഴ്ച്ച ഇറക്കിയേക്കും. നിലവില്‍ പഠനം നടത്തിയ ഏജന്‍സികള്‍ക്ക് പുറമെ പുതിയ ഏജന്‍സികളെയും പരിഗണിക്കും.
പദ്ധതിയില്‍ കേന്ദ്രത്തിന്റെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് സാങ്കേതിക നടപടികള്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിയമ വകുപ്പുമായി ആലോചിച്ചു തീരുമാനം എടുക്കാനാണ് റവന്യു വകുപ്പിന്റെ നീക്കം. 9 ജില്ലകളില്‍ കാലാവധി തീര്‍ന്നെങ്കിലും ഒരിടത്തും സര്‍വേ പൂര്‍ത്തിയായിട്ടില്ല.
അതേസമയം സില്‍വര്‍ലൈന്‍ പകരം കേരളത്തില്‍ റെയില്‍വേ വികസനത്തിന് ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സില്‍വര്‍ലൈന്‍ ഒരു ബദല്‍ നിര്‍ദ്ദേശം കേന്ദ്ര പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.
Read more
വേഗത കൂടിയ ട്രെയിന്‍ വേണം എന്നത് ന്യായമായ ആവശ്യമാണ്. പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല. പകരം സംവിധാനം എങ്ങനെ എന്ന് റെയില്‍വെ വ്യക്തമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ല. സില്‍വര്‍ ലൈനിലെ പോലെ കുടിയൊഴുപ്പിക്കല്‍ ബദല്‍ പദ്ധതിയില്‍ ഉണ്ടാകില്ല.കുറഞ്ഞ സമയത്തില്‍ വേഗത്തില്‍ എത്തുന്നതാകും പദ്ധതി. കെ റെയില്‍ അശാസ്ത്രിയമാണ്. പദ്ധതിക്ക് ബദലായിട്ട് നിര്‍ദേശങ്ങള്‍ ഉണ്ടാകണം എന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.