സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ നടത്തിയ സമരം വിജയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമൂഹിക ആഘാത പഠനം ലക്ഷ്യമിട്ട് നടത്തിയ കല്ലിടല്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെയ്ത തെറ്റ് സമ്മതിക്കണം. കല്ലിടല്‍ തടയാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കല്ലിടല്‍ നിര്‍ത്തിവെച്ച റവന്യൂവകുപ്പിന്റെ നടപടിയെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. യുഡിഎഫും സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിയും നടത്തിയ സമരത്തിന്റെ ആദ്യഘട്ട വിജയമാണിത്. ജനങ്ങളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ കല്ലിടലുമായി മുന്നോട്ട് പോയത്. സാമൂഹിക ആഘാത പഠനത്തിന് തങ്ങള്‍ എതിരല്ലെന്നും വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കും സംവാദത്തിനും തയ്യാറാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും സംഘര്‍ഷങ്ങള്‍ക്കിടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കല്ലിടല്‍ നിര്‍ത്തിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. സാമൂഹിക ആഘാത പഠനമടക്കമടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്താനാണ് തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.