സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്നു. ഒമ്പത് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിനായി അനുവദിച്ച കാലാവധി അവസാനിച്ചു. അതേസമയം സമൂഹികാഘാത പഠനം പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും പഠനം തുടരുകയാണ്. സാമൂഹികാഘാത പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല.
സര്‍വേയ്ക്ക് വേണ്ടി സമയം നീട്ടാനാവില്ലെന്നും പഠനത്തിന്റെ കാലാവധി കഴിഞ്ഞെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത് പുറത്ത് വന്നു. 6 മാസം കഴിഞ്ഞ പഠനം നീട്ടാന്‍ നിയമപരമായി സര്‍ക്കാരിനാകില്ലെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറി ഈ മാസം എട്ടിന് ജില്ലാ കലക്ടര്‍മാര്‍ക്ക് സാമൂഹിഘാകാത പഠനവുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചിലവാക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കെ റെയിലിന് മാത്രമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സാമൂഹികാഘാതപഠനവും സര്‍വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് കേരള ഹൈക്കോടതിയില്‍ റെയില്‍വേ മന്ത്രാലയത്തിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.