സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎമ്മിനും ബിജെപിക്കും ഇടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഡല്‍ഹിയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡല്‍ഹിയില്‍ ഇന്നത്തെ പൊലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു.
പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരെ കയ്യേറ്റം ചെയ്ത ഡല്‍ഹി പോലീസിന്റെ നടപടി കാട്ടാളത്തമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎമ്മിനും ബിജെപിക്കും ഇടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഡല്‍ഹിയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്ന സമയത്ത് തന്നെ യുഡിഎഫ് എംപിമാര്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജനാധിപത്യ രാജ്യം തകരുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ് പാര്‍ലമെന്റിന് മുന്നില്‍ കണ്ടത്. അതി ശക്തമായി പ്രതിഷേധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ലെന്നും അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ജനങ്ങള്‍ക്കൊപ്പംനിന്ന് സമരംചെയ്യുമെന്ന് വിഡി സതീശന്‍ പറഞ്ഞു.