സംസ്ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ; ചടങ്ങുകളിൽ 20 പേർ മാത്രം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതല്‍ ഞായറാഴ്ച രാത്രി 12 വരെ കർശന നിയന്ത്രണങ്ങൾ. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം നാളെയും തുടരും. അവശ്യ സേവനങ്ങൾ മാത്രം അനുവദിച്ച് കൊണ്ട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക.

ചികിത്സ, വാക്‌സിനേഷൻ എന്നിവയ്‌ക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. യാത്ര ചെയ്യുന്നവർ കാരണം കാണിക്കുന്ന രേഖകൾ സമർപ്പിക്കണം. കടകൾ രാവിലെ ഏഴ് മണി മുതൽ ഒമ്പത് വരെയാണ് തുറക്കുക. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സൽ മാത്രമേ അനുവദിക്കൂ.

ദീര്‍ഘദൂരബസുകള്‍, തീവണ്ടികള്‍, വിമാനസര്‍വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി. ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങൾ, മരുന്ന് കടകൾ, ആംബുലൻസ് എന്നിവയ്‌ക്ക് തടസം ഉണ്ടാകില്ല. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ.

പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതി. മുന്‍കൂട്ടി ബുക്കുചെയ്തതെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം. നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കും സഞ്ചരിക്കാം. ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.

Read more

നിരത്തുകളിൽ പരിശോധന കർശനമാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കേസെടുക്കും. വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.