കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാര്‍ഹമെന്ന് സീറോമലബാര്‍ സഭ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റിരിക്കുകയാണ്.
കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഉള്‍പ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവര്‍ക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും സഭ പറഞ്ഞു.
ഭരണഘടനാതത്വങ്ങള്‍ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതല്‍ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കട്ടെ.
ഭാരതത്തിന്റെ നവോത്ഥാനത്തിനും സാംസ്‌കാരിക പുരോഗതിക്കും വിദ്യാഭ്യാസനേട്ടങ്ങള്‍ക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവര്‍ത്തനശൈലി ഈ സര്‍ക്കാരിനും തുടരാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്രനിര്‍മാണയത്‌നങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.