കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. ‘കോടതി മുറിക്കുളളില്‍ വെച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം!’ എന്നാണ് ലൂസി കളപ്പുര ഫെയ്സ്ബുക്കില്‍ കുറിച്ചത്. എല്ലാ കേസില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നുവെന്നാണ് കോട്ടയം അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചത്. സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.
ഫ്രാങ്കോ കുറ്റക്കാരനാണ് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പമാണ് കോടതിയില്‍ എത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡി.വൈ.എസ്.പി കെ സുഭാഷ്, എസ്.ഐ മോഹന്‍ദാസ് എന്നിവരും ഹാജരായിരുന്നു.
വിധി വന്നതിന് പിന്നാലെ ദൈവത്തിന് സ്തുതി എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞ ഫ്രാങ്കോ ഏറെ സന്തോഷത്തോടെയാണ് കോടതിക്ക് പുറത്തേക്ക് വന്നത്.
വിധി പ്രഖ്യാപന ദിവസമായതിനാല്‍ ഇന്ന് രാവിലെ മുതല്‍ കോടതിക്കു സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേള്‍ക്കുന്നതിനായി ബിഷപ് ഫ്രാങ്കോ പിന്‍വാതിലിലൂടെയാണ് കോടതിയിലെത്തിയത്.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഏഴു വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ നിന്ന് എല്ലാമാണ് കുറ്റവിമുക്തനാക്കിയത്. വിധിക്ക് പിന്നാലെ ബിഷപ്പിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം നല്‍കിയവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ജലന്ധര്‍ രൂപത പ്രസ്താവന ഇറക്കി.