എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. അപ്പീല്‍ തള്ളിക്കൊണ്ടുളള മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്‌സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയതു മുതല്‍ സിസ്റ്റര്‍ കോണ്‍വെന്റില്‍ പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു. അതിനെ തുടര്‍ന്ന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റര്‍ ആദ്യം എഫ്‌സസിസി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കിയത്.
അതേസമയം, സിസ്റ്ററെ അവര്‍ താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മഠത്തില്‍ നിന്ന് സിസ്റ്റര്‍ക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം.