സന്യാസിസമൂഹത്തിൽ നിന്നും പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് വീണ്ടും അപ്പീല്‍ നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുര. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് കാണിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന് മഠത്തില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള സഭാനടപടി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ ഒരിക്കല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു.
രണ്ടാമത് അയച്ചിരിക്കുന്ന അപ്പീലില്‍ എഫ്‌സിസി അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനോടൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളും സഭാ അധികൃതര്‍ ഉള്‍പ്പെട്ട കേസുകളും അക്കമിട്ടു നിരത്തിയാണ് അപ്പീല്‍ അയച്ചിരിക്കുന്നത്.
പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടുത്തങ്ങളും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചുവെന്നും, ഭൂമി ഇടപാടുകളും ബലാത്സംഗക്കേസുകളിലും സഭാ അധികൃതര്‍ പ്രതികളാകുന്നത് കേരളത്തില്‍ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നുവെന്നും ഇത് വിശ്വാസികളെ സഭയിൽ നിന്ന് അകറ്റുന്നതിന് കാരണമാകുമെന്നും അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു.
തന്റെ ഭാഗം പറയാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല, തനിക്ക് പറയാനുള്ളത് സഭ കേള്‍ക്കണം, കാര്‍ വാങ്ങിയതും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതും കവിത എഴുതിയതും തെറ്റായി എന്നുകാണാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ല. കേരളത്തില്‍ കത്തോലിക്കാ സഭാ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
എഫ്.സി.സിയുടെ ഭാഗമായി തുടരാനാണ് ആഗ്രഹം. അതിന് അനുമതിയില്ലെങ്കിൽ കന്യാസ്ത്രീയായി തുടരാൻ മഠത്തിന് പുറത്ത് മറ്റൊരു വീടും അനുബന്ധ സൗകര്യങ്ങളും നൽകണം. അല്ലെങ്കിൽ താൻ സഭക്ക് നൽകിയ വരുമാനം തിരികെ നൽകണമെന്ന് അപ്പീലിൽ സിസ്റ്റർ ലൂസി ആവശ്യപ്പെടുന്നു.