പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിസർക്കാറിന്റെ ഫോൺ ചോർത്തൽ രാജ്യത്തിന് അപമാനകരമെന്ന് യെച്ചൂരി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കല്ലാതെ എൻ.എസ്.ഒ കമ്പനിയുടെ ചാര സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടന്നു എന്ന് ആരോപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്ത് ഗൂഢാലോചനയാണ് നടന്നത് എന്ന് പറയണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.
ചോര്‍ത്തല്‍ ഉണ്ടായതായി 2019ല്‍ ഇടതുപക്ഷം പാര്‍ലമെൻറിൽ ഉന്നയിച്ചതാണ്. പെഗാസസ് ഉപയോഗം പരസ്യമായി നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. പൗരാവകാശത്തെ വെല്ലുവിളിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ്. എന്തിനാണ് പെഗാസസ് ഉപയോഗിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമായി. പാര്‍ലമെൻറിൽ ഇതിന് ഉത്തരം പറയാനും അന്വേഷണത്തിന് ഉത്തരവിടാനും മോദി ബാധ്യസ്ഥനാണെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം 2019ൽ കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ പെഗാസസ് ഉപയോഗിച്ചതായി സംശയിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വര, സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരുടെ ഫോണ്‍ കോളുകൾ ചോർത്തിയതായാണ് വിവരം.
14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവിരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയതായാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നമ്പറും പെഗാസസ് പട്ടികയിലുണ്ട്.സൗത്ത് ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ എന്നാണ് വെളിപ്പെടുത്തല്‍.