കോവിഡ്-19 നിരീക്ഷണത്തിലായിരുന്ന പത്തനംതിട്ട തണ്ണിത്തോട്ടെ പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ ആറ് പ്രവർത്തകരെ സിപിഎം സസ്‌പെൻഡ് ചെയ്തു. തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നീ പ്രവർത്തകരെയാണ് സസ്‌പെൻഡ് ചെയ്തത്.
തണ്ണിത്തോട് നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് സി.പി.എമ്മിനും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കി. സർക്കാരിന്റെ സത്പേരിന് ഇത് കളങ്കമുണ്ടാക്കി. ഒരു തരത്തിലും അംഗീകരിക്കാനാകാത്ത പ്രവൃത്തിയായിരുന്നു ഇത്. മനുഷ്യത്വരഹിതമായ പ്രവർത്തിയാണ്. അതു കൊണ്ടാണ് നടപടി എടുത്തത് എന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.