എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) നിര്‍മിക്കുന്ന പുതിയ പാത വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള കണ്ടൈയിനറുകളുടെ നീക്കം സുഗമമാക്കുന്നതിന് വേണ്ടി. വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്‌നറുകള്‍ കോയമ്പത്തൂര്‍, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും വ്യവസായ യൂണിറ്റുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പുതിയ പാത അതിവേഗത്തില്‍ നിര്‍മ്മിക്കുന്നത്.
45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കന്ന പാതയ്ക്കായി എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫിസ് കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ തിരുവാതുക്കലില്‍ തുറന്നു. തിരുവനന്തപുരത്തു നിന്നാണ് ഇതുവരെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. റോഡിന്റെ പ്രാഥമിക അലൈന്‍മെന്റ് അടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി അടക്കമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇതിനൊക്കെ ഇനി കോട്ടയത്തെ പ്രോജക്ട് ഓഫിസാകും മേല്‍നോട്ടം വഹിക്കുക. ഭോപാല്‍ ഹൈവേ എന്‍ജിനീയറിങ് കണ്‍സല്‍റ്റന്റ് എന്ന സ്ഥാപനമാണു പദ്ധതിയുടെ സര്‍വേ നടത്തികൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം പുളിമാത്തില്‍ നിര്‍ദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡില്‍ നിന്ന് അങ്കമാലി വരെ 45 മീറ്റര്‍ വീതിയിലാണു റോഡ് വരുന്നത്. ആറു ജില്ലകളിലൂടെ 257 കിലോമീറ്റര്‍ നീളം. എംസി റോഡിലെ തിരക്കു കുറയ്ക്കാനും കണ്ടൈയ്‌നറുകളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് പുതിയ റോഡ്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പല ഭാഗങ്ങളും പുതിയ ഹൈവേയുടെ ഭാഗമായി മാറും. പൊന്തന്‍പുഴ വനമേഖലയില്‍ 1.2 കിലോമീറ്റര്‍ ഭാഗത്തു കൂടിയും റോഡ് കടന്നുപോകും.
സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന്റെ കോട്ടയം ജില്ലയിലെ ഓഫിസ് പാലാ തഹസില്‍ദാര്‍ ഓഫിസിലാകും തുറക്കുക. ജില്ലയില്‍ 2 താലൂക്കുകളിലായി 12 വില്ലേജുകളിലെ സ്ഥലങ്ങള്‍ ഏറ്റെടുക്കണം. കാഞ്ഞിരപ്പള്ളി താലൂക്ക് ഇളങ്ങുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് വില്ലേജുകള്‍. മീനച്ചില്‍ താലൂക്ക് ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂര്‍, രാമപുരം, കടനാട് വില്ലേജുകള്‍.
അന്തിമ വിജ്ഞാപാനത്തില്‍ പാത കടന്നുപോകുന്ന ചില വില്ലേജുകള്‍ക്ക് മാറ്റംവരാന്‍ സാധ്യതയുണ്ടെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം പുളിമാത്തില്‍ ആരംഭിച്ച് കല്ലറ, കടയ്ക്കല്‍, അഞ്ചല്‍, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂര്‍ വഴി അങ്കമാലിയിലെത്തുന്നതാണ് നിര്‍ദിഷ്ട തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേ.
Read more
വിഴിഞ്ഞം തുറമുഖ ചരക്ക് നീക്കം, തീര്‍ഥാടന, വിനോദസഞ്ചാര മേഖലകളുടെ വികസനം പരിഗണിച്ചാണ് എം.സി റോഡിന് സമാന്തരമായി പുതിയ ദേശീയപാത നിര്‍മിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത്. നിലവിലുള്ള എം.സി റോഡ് നാലുവരിയായി വികസിപ്പിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിത്. കെട്ടിടങ്ങള്‍ക്കും ഭൂമിക്കും ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതിനാല്‍ അതൊഴിവാക്കി പുതിയ ആറുവരി ഹൈവേ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാതക്കായി 1000 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ദേശീപാത അതോറിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യക്തമാകുന്നത്.