നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി റിമാ ദേവ്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് അഞ്ജലി പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.രാഷ്ട്രീയക്കാരടക്കം ആറ് പേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ട്. തനിക്കെതിരെ ഇവര്‍ ഗൂഢാലോചന നടത്തുന്നുണ്ട്. കേസില്‍ റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടിയാണ് തന്നെ വലിച്ചിഴയ്ക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ് എന്നും അവര്‍ പറയുന്നു. മരിക്കുകയാണെങ്കില്‍ വീഡിയോ തന്റെ മരണമൊഴിയായി എടുക്കണം. കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തണം. കോടതിയും നിയമവും അവരെ വെറുതെ വിടരുത് എന്നും അഞ്ജലി പറഞ്ഞു.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. നിരപരാധിയായ തന്നെ കുടുക്കുകയാണ്. മറ്റു പെണ്‍കുട്ടികളുടെ മൊഴിയെടുക്കണം. വര്‍ഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസില്‍ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ എടുത്തു പരിശോധിക്കണം. പരാതി നല്‍കിയ സ്ത്രീ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ ലൈവ് പോളിഗ്രാഫ് ടെസ്റ്റ് നടത്തണം. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ആര്‍ക്കും തന്നെ കല്ലെറിയാം എന്നും അഞ്ജലി പറയുന്നു.
അതേ സമയം കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. 2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവതിയും മകളുമാണ് പരാതി നല്‍കിയത്.