ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രളയത്തിൽ തകർന്ന മുന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പുനർനിർമ്മാണം വേഗത്തിലാക്കാൻ തീരുമാനം. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി മൂന്നാറിൽ നടത്തിയ ആലോചന യോഗത്തിലാണ് തീരുമാനം. കോളേജ് പുനർനിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കാനും തീരുമാനമായി.
2018ലെ പ്രളയത്തിലാണ് കോളേജ് അക്കാദമിക് ബ്ലോക്കും പ്രിൻസിപ്പൽ കോട്ടേഴ്സ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും ഇടിഞ്ഞുപോയത്. നിലവിൽ ഡിറ്റിപിസിയുടെ ബഡ്ജറ്റ് ഹോട്ടൽ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. 190 വിദ്യാർഥികളാണ് ഇപ്പോൾ കോളേജിൽ പഠിക്കുന്നത്. അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പുനർനിർമ്മാണ നടപടി വേഗത്തിലാക്കും. ബജറ്റ് ഹോട്ടൽ കെട്ടിടത്തിന് സമീപം മോഡുലാർ ബിൽഡിങ് ഒരുക്കി താൽക്കാലിക സംവിധാനം തയ്യാറാക്കാനും തീരുമാനമായി.
നിലവിൽ കോളേജ് പ്രവർത്തിക്കുന്ന ഡിറ്റിപിസിയുടെ കൈവശമുള്ള മൂന്നര ഏക്കർ സ്ഥലവും എൻജിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലെ സമീപത്തുള്ള റവന്യൂ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. അതേസമയം നേരത്തെ കോളേജ് പ്രവർത്തിച്ചിരുന്ന ദേവികുളം റോഡിലെ സ്ഥലം ഡിറ്റിപിസിക്ക് കൈമാറും തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതല യോഗത്തിലാണ് അന്തിമ തീരുമാനം വരിക.
അതേസമയം നിലവിലെ ബി എ തമിഴ്, ബി എ എക്കണോമിക്സ്, ബികോം, ബി.എസ്.സി ഗണിതം, എം എ തമിഴ്, എം എ എക്കണോമിക്സ്, എം കോം തുടങ്ങിയ കോഴ്സുകൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള കോഴ്സും, ടൂറിസം, ഫുഡ് ടെക്നോളജി തുടങ്ങിയ പുതിയ കോഴ്സുകളും മൂന്നാർ കോളേജിൽ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുകയാണെന്ന് മാന്തി ആർ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തെ മികവും സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.
അഡ്വക്കേറ്റ് എ രാജ എംഎൽഎ ജില്ലാ കളക്ടർ വി വിഘ്നേശ്വരി, ദേവികുളം സബ് കളക്ടർ ബി എം ജയകൃഷ്ണൻ, കോളേജ് എജുക്കേഷൻ ഡയറക്ടർ കെ സുധീർ, കോളേജ് പ്രിൻസിപ്പൽ ഡോ. എൻ എ മനേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ ടി വന്ദന, ഡിറ്റിപിസി സെക്രട്ടറി ജിതേഷ് ജോസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോജു, ദേവികുളം തഹസിൽദാർ സജീവ് ആർ നായർ, മൂന്നാർ വില്ലേജ് ഓഫീസർ സെൽവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.