ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നാളെ അവധി ആയിരിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കലണ്ടര്‍പ്രകാരം നേരത്തെ തിങ്കളാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാതിരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പെരുന്നാള്‍ മാറിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന അവധിയില്‍ അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.