മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; പിടിയിലായത് എയര്‍ ഹോസ്റ്റസ്; ഇന്ത്യയിലെ ആദ്യ സംഭവമെന്ന് ഡിആര്‍ഐ

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗം പിടിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗമായ കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് സുരഭിയെ കസ്റ്റഡിയിലെടുത്തത്.

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിലെത്തിയത്. റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ 960ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്. മലദ്വാരത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബീന്‍ ക്രൂ അംഗം പിടിയിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ കേസാണിതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

സുരഭി കാത്തൂണ്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. കേസില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉള്‍പ്പെടെ അന്വേഷിച്ച് വരുകയാണെന്നും ഡിആര്‍ഐ പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം സുരഭിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ വനിത ജയിലിലേക്ക് മാറ്റി.