'ലിന ടീച്ചർ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു'; അധ്യാപകൻ ടീച്ചറെ തിരിച്ച് വഴക്ക് പറഞ്ഞെന്ന് സഹപാഠികളുടെ വെളിപ്പെടുത്തൽ

വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ ഷെഹലയെ ആശുപത്രിയിൽ കൊണ്ടു പോകാൻ അധ്യാപിക ലിന നിരവധി തവണ പറഞ്ഞിരുന്നുവെന്നും എന്നാൽ തിരിച്ച് ടീച്ചറെ വഴക്ക് പറയുകയായിരുന്നു അധ്യാപകനെന്ന വെളിപ്പെടുത്തലുമായി സഹപാഠികൾ. പാമ്പ് കടിച്ചെന്ന് ഷെഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചില്ല. ലിന ടീച്ചറുടെ ആവശ്യം അധ്യാപകൻ ഷിജിൽ നിരസിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക സ്കൂൾ വിട്ട് ഇറങ്ങിപോയെന്നും കുട്ടികൾ  പറഞ്ഞു. ആ സമയം ഷെഹല  വിറയ്ക്കുകയായിരുന്നു. പക്ഷെ അധ്യാപകൻ കുട്ടിയെ പാമ്പ് കടിച്ചതല്ലെന്നും, ആണി കൊണ്ടതാണെന്നും  പറഞ്ഞതായി കുട്ടികൾ വ്യക്തമാക്കുന്നു.

ഷെഹല ഷെറിന് ക്ലാസ് മുറിയില്‍വെച്ചു പാമ്പുകടിയേറ്റത് ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല്‍ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്‍റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Read more

സ്കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ നിരവധി മാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടില്ലത്രേ. അധ്യയനവര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടിയെടുക്കുമെന്ന് കളക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.