ലാവ്‌ലിന്‍ കേസ്: പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്; ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ

എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന് സുപ്രിം കോടതി നോട്ടീസ് അയച്ചു. പിണറായി ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കായ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഫയല്‍ ചെയ്ത അപ്പീലിലാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്. പിണറായി വിജയന് പുറമെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ എ ഫ്രാന്‍സിസ്, കെ മോഹനചന്ദ്രന്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കേസിലെ മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു. അന്തിമവിധി വരുന്നത് വരെയാണ് വിചാരണ സ്റ്റേ ചെയ്തിരിക്കുന്നത്. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിചാരണ സ്റ്റേ ചെയ്തിരിക്കുന്നത്.

സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കാനായി കോടതി തീരുമാനിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായ ഗീത ലൂതറയാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകളും കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ നല്‍കിയ അപേക്ഷയും കോടതിയിലെത്തിയിരുന്നു.