എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11ന് ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലത്തുള്ള പൊതുയോഗങ്ങളില്‍ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അദേഹത്തിന് അസ്വസ്ഥതയനുഭവപ്പെട്ടത്.

ആദ്യം അദേഹത്തെ ഹരിപ്പാട് ഗവ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ നേരിയ വ്യതിയാനമുള്ളതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ വെള്ളാപ്പള്ളിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വെള്ളാപ്പള്ളിയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.