പാലായില്‍ മാണി സി.കാപ്പന്റെ വിജയം പിണറായി വിജയന്റെ ഭരണത്തിന്റെ അംഗീകാരമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലാ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നു. അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്ന് അവര്‍ ആവര്‍ത്തിച്ച് പറയണം. വിജയത്തോടെ എല്‍.ഡി.എഫ്. സര്‍ക്കാരിന് ജനത്തിന്റെ അംഗീകാരം കിട്ടിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
കാപ്പന്റെ വിജയം വെള്ളാപ്പള്ളിയുടെയോ എസ്എന്‍ഡിപിയുടെയോ മാത്രം നിലപാട് കൊണ്ടുള്ള വിജയമല്ല. പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചു. ബിഷപ്പിനും കേരള കോണ്‍ഗ്രസിനോട് താത്പര്യമില്ലായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ല എന്ന് അണികള്‍ പോലും പറഞ്ഞു. അവരെല്ലാം കാപ്പന്‍ വിജയിക്കുമെന്ന് പറഞ്ഞു. അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെ എന്ന വികാരം പാലായിലുണ്ടായിരുന്നു.
പാലായില്‍ ബിജെപിക്ക് അവരുടെ വോട്ടുകള്‍ കിട്ടിയോ എന്ന് പരിശോധിക്കണം. പാലാ ട്രെന്‍ഡ് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ കുറച്ചെല്ലാം പ്രതിഫലിച്ചേക്കാം. തകര്‍ന്നെന്ന് കരുതിയ എല്‍ഡിഎഫിന് ആവേശമായി. കോണ്‍ഗ്രസിന് ക്ഷീണവും. ട്വന്റി 20 അടിക്കാന്‍ നിന്നവര്‍ക്ക് ഒത്തില്ല. ജനം കഴുതയാണെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അരൂരില്‍ ബിഡിജെഎസ് ഇല്ലെങ്കില്‍ ബിജെപി മത്സരിക്കുമായിരിക്കും. അഖിലേന്ത്യാതലത്തില്‍ ബിജെപിയെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ല. കൂട്ടായ്മയില്ല,എന്‍ഡിഎയിലെ ഘടകക്ഷികളെ അവര്‍തന്നെ പുറത്തുചാടിക്കാന്‍ നോക്കുന്നു. പാലായില്‍ വോട്ട് മറിച്ചെന്ന് പറഞ്ഞ നേതാവിനെതിരെ നടപടിയെടുത്തു. എന്നാല്‍ അതിന്റെ കുറ്റം ബിഡിജെഎസിനുമേല്‍ ചാര്‍ത്തി. ബിഡിജെഎസ് വോട്ടുമറിച്ചെന്ന് പറഞ്ഞു. ബി.ജെ.പി. കൂടെനില്‍ക്കുന്നവരെ നുള്ളിയും മാന്തിയും കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അരൂരില്‍ തമ്മില്‍ഭേദം ആരാണെന്ന് നോക്കും. സമുദായ നേതാക്കളല്ല സ്ഥാനാര്‍ഥികെളെ നിശ്ചയിക്കുന്നതെന്ന ഷാനിമോളുടെ പ്രസ്താവന ശരിയാണെന്നും എന്നാല്‍ ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരം ആണെന്ന് പലരില്‍നിന്ന് കേട്ടതായും വെള്ളാപ്പള്ളി പറഞ്ഞു.
ഷാനിമോള്‍ക്ക് സഹതാപതരംഗമുണ്ടാവണമെന്നില്ല. സഹതാപം എന്തുമാത്രം നിലനിര്‍ത്താനാകുമെന്ന് കാത്തിരുന്ന് കാണണം. കാര്യങ്ങള്‍ തെളിഞ്ഞുവരട്ടെ. എന്നിട്ട് കൂടുതല്‍ അഭിപ്രായം പറയാം-അദ്ദേഹം വ്യക്തമാക്കി.
അടൂര്‍ പ്രകാശ് കുലംകുത്തിയാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. അയാള്‍ എങ്ങനെ സ്ഥാനാര്‍ഥിയും മന്ത്രിയായെന്നും എനിക്കറിയാം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കേണ്ടെന്ന് പറഞ്ഞ അടൂര്‍ പ്രകാശിന് ഇരട്ടത്താപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കോന്നിയിലെ സ്ഥാനാര്‍ഥി സുകുമാരന്‍ നായര്‍ കൂടി നോമിനേറ്റ് ചെയ്ത ആളാകാമെന്നും അദ്ദേഹം ആരോപിച്ചു.