'എസ്എൻഡിപിയെ കാവിയും ചുവപ്പും മൂടാൻ അനുവദിക്കില്ല'; ആരോടും വിരോധവും വിധേയത്വവും ഇല്ല: വെള്ളാപ്പള്ളി

എസ്എൻഡിപിയെ കാവിയും ചുവപ്പും മൂടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്റെ കുടുംബത്തെ നന്നാക്കാൻ ഇവർ ആരും നോക്കണ്ടെന്നും ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി.

ഇക്കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എസ്എൻഡിപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ രംഗത്തെത്തിയത്. കാവിക്കാരും ചുവപ്പുകാരും മുതൽ ലീഗുകാരൻ വരെ എസ്എൻഡിപിയിലുണ്ട്. എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് തോന്നിയെങ്കിൽ അതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം ഈഴവ വോട്ടുകൾ നഷ്‌ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് തിരുത്തുകയാണ് സിപിഎം ചെയ്യേണ്ടതെന്നും ഇടതുപക്ഷം ഇത്രയും തോറ്റതിന് കാരണം സാധാരണക്കാരെ മറന്നുപോയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നാടിസ്ഥാനത്തിൽ വിഷയങ്ങൾ പറയുമ്പോൾ കാവി വത്കരിക്കുകയാണ്. മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്‌തു? എന്തെങ്കിലും കിട്ടിയോ? എം.വി ഗോവിന്ദനും താനും തമ്മിൽ ഒരു തർക്കവുമില്ല. കാലഘട്ടം മാറുമ്പോൾ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവുമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Read more