ബി.ജെ.പി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ തഴഞ്ഞു. കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് ദേശീയ നിർവാഹക സമിതി അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 80 അംഗങ്ങളാണ് നിർവാഹക സമിതിയിലുള്ളത്. 50 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
പി.കെ കൃഷ്ണദാസ്, ഇ.ശ്രീധരൻ എന്നിവരെ കേരളത്തിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി. നേരത്തേ സമിതിയിൽ ഉണ്ടായിരുന്ന ഒ. രാജഗോപാൽ, അൽഫോൻസ് കണ്ണന്താനം എന്നിവരേയും ഒഴിവാക്കി. നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞു എന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് സമിതി പുനഃസംഘടിപ്പിച്ചത്.
എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായും ടോം വടക്കൻ വക്താവായും തുടരും. തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനെ സമിതിയിൽ ഉൾപ്പെടുത്തി. അടുത്തിടെ ബിജെപിയിൽ ചേർന്ന നടി ഖുശ്ബു പ്രത്യേക ക്ഷണിതാവാണ്. നടൻ മിഥുൻ ചക്രവർത്തി പുനഃസംഘടിപ്പിക്കപ്പെട്ട നിർവാഹക സമിതിയിൽ അംഗമാണ്.
അതിനിടെ ബിജെപി പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപിയിൽ നേതാക്കൾ രാജിവെച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലളിതാ വത്സനും ഒൻപത് ജില്ലാ ഭാരവാഹികളുമാണ് രാജിവെച്ചത്. രാവിലെ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലും പതിമൂന്നംഗ കമ്മിറ്റിയും രാജിവെച്ചിരുന്നു.