എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്നും സോളാർ കേസ് അട്ടിമറിച്ചത് എം ആർ അജിത്ത് കുമാറാണെന്നും പി വി അൻവർ പറഞ്ഞു. എംആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണിപ്പോൾ പുതിയ ആരോപണങ്ങൾ കൂടി പുറത്ത് വരുന്നത്.
12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ കവടിയാറിൽ പണിയുന്നതെന്നും പി വി അൻവർ ആരോപിച്ചു. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പി വി അൻവർ ആരോപിച്ചു. അതേസമയം സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിക്കുന്നത്.
അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാർ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങൾ നിലനിൽക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നലെ നടത്തിയ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം അനിവാര്യമാണെന്നാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അന്വേഷണം നടന്നാൽ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാൻ കഴിയുവെന്നുമാണ് ഡിജിപി അറിയിച്ചത്.